വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട ടാങ്കർ കപ്പൽ അമേരിക്ക വീണ്ടും പിടിച്ചെടുത്തു. പാനമയിൽ രജിസ്റ്റർ ചെയ്ത സെഞ്ചുറീസ് എന്നു പേരുള്ള ടാങ്കറാണ് കരീബിയൻ കടലിൽവച്ച് പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ടാങ്കറിൽ 18 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ താഴെയിറക്കാനുള്ള സമ്മർദ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് അമേരിക്കൻ നടപടി. അമേരിക്കൻ കോസ്റ്റ് ഗാർഡ് സൈനികർ ഹെലികോപ്റ്ററിലെത്തി കപ്പൽ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്തിവിട്ടിട്ടുണ്ട്. ഉപരോധം ബാധകമായ എണ്ണയാണ് കപ്പലിലുള്ളതെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, വെനസ്വേലൻ എണ്ണ കടത്തുന്നതിന്റെ പേരിൽ അമേരിക്കയുടെ ഉപരോധം ഈ കപ്പൽ നേരിടുന്നില്ലെന്ന് ചില വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.ഈ മാസം പത്തിന് വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട മറ്റൊരു കപ്പൽ അമേരിക്ക പിടിച്ചെടുത്തിരുന്നു. ആ കപ്പൽ അമേരിക്കയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതായിരുന്നു.
വെനസ്വേലൻ എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന കപ്പലുകളെല്ലാം തടയാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
രണ്ടാമതും എണ്ണ ടാങ്കർ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കൊള്ളയും തട്ടിയെടുക്കലുമാണെന്ന് വെനസ്വേലൻ സർക്കാർ പ്രതികരിച്ചു. അമേരിക്കയ്ക്കെതിരേ യുഎൻ സുരക്ഷാ സമിതി അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ പരാതി നല്കുമെന്നും അറിയിച്ചു.
വെനസ്വേലയ്ക്കു സമീപം കരീബിയിൽ കടലിൽ അമേരിക്ക വൻ തോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിൽനിന്ന് മയക്കുമരുന്ന് കടുത്തുന്നു എന്നാരോപിച്ച് അമേരിക്കൻ സേന ബോട്ടുകൾക്കു നേർക്കു നടത്തിയ ആക്രമണങ്ങളിൽ നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നതിന്റ തെളിവ് അമേരിക്ക നല്കിയിട്ടില്ല.